ലൈഫ് മിഷന്‍ ഇടപാടില്‍ പണമിടപാട് സ്ഥിരീകരിച്ച് ബാങ്കുകള്‍. കോൺസുലേറ്റിൽ നിന്ന് ആദ്യ ഗഡു എത്തിയത് രണ്ട് ബാങ്കുകളിലേക്ക്. കൊച്ചി ഫെഡറൽ ബാങ്കിലും, ആക്സിസ് ബാങ്കിലുമായി 7 കോടി രൂപയെത്തി. ഫ്‌ളാറ്റിന്റെ നിര്‍മ്മാണത്തിനും ആശുപത്രിക്കും പ്രത്യേകമായാണ് ഈ തുക എത്തിയതെന്നും വിജിലന്‍സിന് ബാങ്ക് മാനേജര്‍മാര്‍ മൊഴി നല്‍കി.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഏഴ് കോടി രൂപ രണ്ട് ബാങ്കുകളിലുമായി എത്തിയതായാണ് മാനേജര്‍മാര്‍ നല്‍കിയ മൊഴി. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള 5 കോടിയും, ആശുപത്രിക്കായുള്ള 2 കോടി രൂപയും പ്രത്യേകമായാണ് എത്തിയത്. ഇതിൽ നിന്നാണ് കമ്മീഷൻ നൽകാനുള്ള 4.20 കോടി രൂപ യുണിടാക് പിൻവലിച്ചത്. ബാങ്ക് മാനേജർമാരുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി.
പദ്ധതിക്കായി ഏഴ് കോടി രൂപയും ആശുപത്രി കെട്ടിടം പണിയാന്‍ രണ്ടുകോടി രൂപയുമാണ് രണ്ട് അക്കൗണ്ടിലുമായി എത്തിയത്. ഇതില്‍നിന്നാണ് യൂണിടാക്ക് 4.20 കോടി രൂപ കമ്മീഷന്‍ നല്‍കുന്നതിനായി പിന്‍വലിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
യൂണിടാക്കിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് സ്ഥിരീകരിക്കും വിധത്തിലുള്ളതാണ് ബാങ്ക് മാനേജര്‍മാരുടെ മൊഴി.
ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ കൊച്ചിയിലും തൃശൂരിലുമായാണ് അന്വേഷണം നടക്കുന്നത്.