രാജ്യത്ത് ബാങ്കുകള്‍ ഇന്ന് മുതല്‍ നാല് ദിവസം പ്രവർത്തിക്കില്ല. ഇന്നു രണ്ടാം ശനിയും നാളെ ഞായറും അവധിയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബാങ്ക് ജീവനക്കാരുടെ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കുന്നതിന് കാരണമാകുക.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തിയതികളിൽ പണിമുടക്കും. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞു കിടക്കുന്നതോടെ എടിഎമ്മുകളിൽ പണം കാലിയാകുമോ എന്ന ആശങ്ക നിലവിലുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ബാങ്കുകളിലെ ശാഖകളിൽ നിന്ന് അകലെയുള്ള എടിഎമ്മുകളിൽ പണം നിറയ്ക്കാൻ സ്വകാര്യ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. ബാങ്കുകളോട് ചേർന്ന എടിഎമ്മുകളിൽ പണം നിറച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.