സംസ്ഥാനത്ത് വീണ്ടും ബാർ കോഴ; ഡ്രൈ ഡേ ഒഴിവാക്കാനും സമയം കൂട്ടാനും പണം ആവശ്യപ്പെട്ടുള്ള സംഘടനാ നേതാവിന്റെ ഓഡിയോ പുറത്ത്

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം.

രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ പരിധി രാത്രി 11 ൽ നിന്നും 12 ലേക്ക്) ഒരാൾ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡണ്ട് അനിമോൻ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിർദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്.

‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യ നയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം’. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്. ഏകീകൃത രൂപത്തിൽ പണപിരിക്കണമെന്നും അനിമോൻ പറയുന്നുണ്ട്.

ഇടുക്കി ജില്ലയിൽ നിന്ന് ഒരു ഹോട്ടൽ മാത്രമാണ് 2.5 ലക്ഷം നൽകിയത്. ചിലർ വ്യക്തിപരമായി പണം നൽകിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ പ്രസിഡണ്ട് ശബ്ദ സന്ദേശത്തിലുണ്ട്. പണം നൽകിയ ഇടുക്കിയിലെ ഒരു ബാർ ഹോട്ടലിന്റെ പേരും ഇടുക്കി ജില്ലാ പ്രസിഡണ്ട് വെളിപ്പെടുത്തുന്നു. അതേസമയം ശബ്ദരേഖ നിഷേധിക്കാതെ, പരിശോധിക്കണമെന്ന് പറഞ്ഞ് അനിമോൻ ഒഴിഞ്ഞുമാറി.

ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. യുഡിഎഫ് ഭരണ കാലത്ത് ബാർകോഴ പ്രതിപക്ഷമായ എൽഡിഎഫ് വൻതോതിൽ ഉയർത്തിയിരുന്നു. ഇന്ന് ഇടത് ഭരണകാലത്തെ മദ്യനയമാറ്റ സമയത്താണ് വീണ്ടും കോഴ ചർച്ചയാകുന്നത്.

Latest Stories

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം