ബാര്‍ കോഴ വിവാദം; അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. ബാര്‍ കോഴ വിവാദത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അര്‍ജുന്റെ മൊഴിയെടുത്തത്. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ അംഗമാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നടപടി. തിരുവനന്തപുരം വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കലിന് ശേഷം ക്രൈംബ്രാഞ്ച് സംഘം മടങ്ങുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്ന് അര്‍ജുന്‍ അറിയിച്ചു.

ക്രൈംബ്രാഞ്ചിന് ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമായിരുന്നു. ഒരു പൗരന്‍ എന്ന നിലയില്‍ താന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. അവര്‍ തൃപ്തിയോടെയാണ് മടങ്ങിയതെന്ന് കരുതുന്നു. താന്‍ ബാറുടമകളുടെ ഗ്രൂപ്പില്‍ ഇല്ല. ഭാര്യ പിതാവിന്റെ ഫോണ്‍ താനല്ല ഉപയോഗിക്കുന്നതെന്നും അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ജുന്‍ ബാറുടമകളുടെ ഗ്രൂപ്പില്‍ അംഗമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അര്‍ജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഇതേ തുടര്‍ന്നാണ് വെള്ളിയാഴ്ച ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്ന് കാട്ടി അര്‍ജുന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ അര്‍ജുന്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറായില്ല.

താന്‍ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അല്ലെന്നും തന്റെ പേരില്‍ ബാറുകളില്ലെന്നുമായിരുന്നു അര്‍ജുന്റെ വാദം.ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് വീട്ടിലെത്തി അര്‍ജുന്റെ മൊഴിയെടുത്തത്.