ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നു പി.സി.ജോര്‍ജ്; 'ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം,ജനം പുച്ഛിച്ച് തള്ളും'

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി.ജോര്‍ജ് എംഎല്‍എ. ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ്. ജനങ്ങള്‍ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സാധ്യതയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പി.സി. കേസില്‍ മാണിക്കു എതിരെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. കേരള രാഷ്ട്രീയത്തില്‍ ഏറെ വിവാദമായി മാറിയ സംഭവമാണ് ബാര്‍ കോഴക്കേസ്. കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ മന്ത്രിയുമായ കെ.എം. മാണി ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ ഒന്നും മാണിക്ക് എതിരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതിനു പുറമെ പരാതി നല്‍കിയ ബിജു രമേശ് തെളിവായി സമര്‍പ്പിച്ച സിഡിയില്‍ കൃത്രിമം നടന്നു. ഇതു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിയെന്നു വിജിലന്‍സ് വ്യക്തമാക്കി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ നല്‍കി.

Read more

ഇതു കൂടാതെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി 45 ദിവസത്തെ സമയം വിജിലന്‍സിനു നല്‍കിയിട്ടുണ്ട്. ഇതില്‍ 30 ദിവസം അന്വേഷണം നടത്താനാണ്. ബാക്കി 15 ദിവസം അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതുമാണ് കോടതി നല്‍കിയിരിക്കുന്നത്.