വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ഡി.ജെ.എസ്; സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ആവശ്യം

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത കല്‍പിച്ചതിന് പിന്നാലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരുനീക്കങ്ങള്‍ ആരംഭിച്ചു പാര്‍ട്ടികള്‍. വയനാട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള എന്‍ഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടതായാണ് വിവരം.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായി ബിഡിജെഎസ് നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെളളാപ്പളളിയാണ് മത്സരിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ വയനാട് സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Read more

വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്നലെ പറഞ്ഞു. ഏത് സാഹചര്യത്തിലും തിരഞ്ഞെടുപ്പിന് ഒരുക്കമാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണെന്നും അദേഹം കുറ്റപ്പെടുത്തി.