രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് പിണറായിയെ കണ്ട് ഉപദേശം തേടിയെന്ന് വെളിപ്പെടുത്തി നടന്‍ കമല്‍ ഹാസന്‍. 2017ല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഉപദേശം തേടിയിരുന്നതായി കേരളീയം വേദിയിലാണ് അദേഹം വെളിപ്പെടുത്തിയത്.
കേരളത്തെ വാനോളം പുകഴ്ത്തിയാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാ താരമെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കേരളത്തില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടിട്ടുണ്ട്. തമിഴ്‌നാടും കേരളവും അഭേദ്യമായ ബന്ധമുണ്ട്. ഡാന്‍സും സംഗീതവും മുതല്‍ ഭക്ഷണ കാര്യത്തില്‍ വരെ ബന്ധപ്പെട്ടുകിടക്കുന്നു. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. മികച്ച നേട്ടങ്ങളുണ്ടാക്കാനായി നിരന്തരം പരിശ്രമിക്കുന്നു ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കമല്‍ പറഞ്ഞു.
കേരള മോഡല്‍ വികസനം രാഷ്ട്രീയത്തില്‍ തനിക്ക് പ്രചോദനമാണ്. കേരളം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകര്‍ന്ന് അധികാര വികേന്ദ്രീകരണം നടത്തിയത് രാജ്യത്തിന് മാതൃകയാണെന്നും അദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് കോവിഡ് പ്രതിരോധത്തിന് സഹായകരമായതായും കമല്‍ ഹാസന്‍ പറഞ്ഞു.
അതേസമയം, കേരളീയര്‍ക്ക് ലോകത്തിനുമുന്നില്‍ ആത്മാഭിമാനത്തിന്റെ പതാകയുയര്‍ത്താനുള്ള വേദിയായി കേരളീയം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകശ്രദ്ധ ഇവിടേക്ക് കേന്ദ്രീകരിക്കുംവിധം കേരളീയത്തെ ലോകോത്തര ബ്രാന്‍ഡ് ആക്കി മാറ്റുമെന്നും കേരളീയം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കേരളീയരെന്ന് അഭിമാനിക്കുന്ന മുഴുവനാളുകള്‍ക്കും ആ സന്തോഷം പങ്കുവെയ്ക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള അവസരമാണിത്. ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാ വര്‍ഷവും കേരളീയമുണ്ടാകും. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. കേരളീയത്തിന് മുമ്പും ശേഷവും എന്ന വിധത്തില്‍ ചരിത്രമിനി രേഖപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വം ഉണ്ട്. നമുക്ക് നമ്മുടേത് മാത്രമായ വ്യക്തിത്വ സത്തയുണ്ട് . നിര്‍ഭാഗവശാല്‍ അത് തിരിച്ചറിയാതെ പോകുകയാണ് . ഈ സത്തയെ ശരിയായ രീതിയില്‍ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാറില്ല. അതിനു മാറ്റം വരണം. കേരളീയരെന്നതില്‍ അഭിമാനിക്കുന്ന ഒരു മനസ് കേരളീയര്‍ക്കുണ്ടാകണം. നമ്മുടെ വൃത്തി മുതല്‍ കലവരെയുള്ള അഭിമാനബോധം ഇളം തലമുറയിലടക്കം ഉള്‍ചേര്‍ക്കാന്‍ കഴിയണം. ആര്‍ക്കും പിന്നിലല്ല കേരളീയര്‍. മാത്രമല്ല പല കാര്യങ്ങളിലും മുന്നിലാണുതാനും. ആ ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ കഴിയണം.
ലോകത്തിലെ ചില നഗരങ്ങള്‍ ഇത്തരത്തില്‍ ചില മേളകളുടേയും മറ്റും പേരില്‍ അറിയപ്പെടുന്നുണ്ട്. അത് നമുക്ക് മാതൃകയാകണം. എഡിന്‍ബറ ഫെസ്റ്റിവല്‍, വെനീസ് ഫിനാലെ തുടങ്ങിയ അതിനുദവഹരണങ്ങളാണ്. ഇത്തരം മേളകള്‍ വ്യാപാരമേഖലയിലും ടൂറിസം മേഖലയിലും അതോടനുബന്ധ മേഖലയിലും വന്‍ സാധ്യതകളാണ് തുറന്നിടുന്നതെന്ന് അദേഹം പറഞ്ഞു.