സ്ഥിതി തുടര്‍ന്നാല്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധം നിര്‍ത്തും; 12-ന് സെക്രട്ടേറിയറ്റിന് മുമ്പിൽ യാക്കോബായ സഭയുടെ വിശ്വാസമതിൽ

സഭാക്കേസിലെ കോടതിവിധി നടപ്പാക്കുന്നതിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് യാക്കോബായ സഭ പ്രതിനിധി സംഘം. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു യാക്കോബായ സഭയുടെ പ്രതികരണം. സഭ നേരിടുന്ന പ്രതിസന്ധികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ശവസംസ്‌കാരം നടത്താനുള്ള അനുമതി നിഷേധിക്കരുതെന്നും ഇത് കോടതി വിധിയോടുള്ള അവഹേളനമല്ലെന്നും പള്ളികളിലെ സംസ്‌കാര തർക്കവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പാലിക്കണമെന്നും, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ തള്ളിപ്പറയുന്ന വൈദികരല്ല ശുശ്രൂഷ നടത്തേണ്ടതെന്നും ജോസഫ് ഗ്രിഗോറിയോസ് പറഞ്ഞു. മനുഷ്യാവകാശ ലംഘനമുണ്ടാകുന്നമെന്ന് ഒരു കോടതിയും പറയില്ല. തങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ നടപ്പായില്ല. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതി തുടര്‍ന്നാല്‍ 22-ന്  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കുന്ന സുനഹദോസില്‍  ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നത് ഉള്‍പ്പെടെ കടുത്ത  തീരുമാനങ്ങളുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം ഈ മാസം 12-ന് സെക്രട്ടേറിയറ്റിന് മുമ്പിൽ വിശ്വാസമതിൽ തീര്‍ക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചിട്ടുണ്ട്.