ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ബിനോയിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുന്നത്.
യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. യുവതി ബിനോയിക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത് അഞ്ച് കോടി രൂപ വേണമെന്നായിരുന്നു. മാത്രവുമല്ല വിവാഹം കഴിച്ചുവെന്നും അതിനുള്ള രേഖകളും ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ടാമത് പൊലീസിന് നല്‍കിയ പരാതിയിലുള്ളത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ്. ഇതിലെ വൈരുദ്ധ്യങ്ങളാണ് അഭിഭാഷകന്‍ എടുത്തു പറയുന്നത്. വിവാഹം കഴിച്ചുവെങ്കില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു ജാമ്യാപേക്ഷയിലെ പ്രധാന വാദം.
എന്നാല്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ട് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. തിങ്കളാഴ്ച വിധി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ജൂണ്‍ 13-നാണ് ബിഹാര്‍ സ്വദ്വേശിയായ യുവതി ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയിക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയത്.