സംസ്ഥാനത്ത് ബെവ്കോയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഓണക്കാലത്താണ്. കോടികളുടെ വരുമാനം നേടുന്ന ഔട്ട്ലെറ്റുകള്‍ വരെ സംസ്ഥാനത്തുണ്ട്. ഓരോ ഓണക്കാലത്തും സംസ്ഥാനത്തെ ബെവ്കോ ഔട്ടലെറ്റുകളില്‍ അനുഭവപ്പെടുന്നത് വലിയ തിക്കും തിരക്കുമാണ്. സംസ്ഥാനത്തിന് ഓരോ ഓണക്കാലത്തും ബെവ്കോ നല്‍കുന്ന വരുമാനവും ചില്ലറയല്ല.
എന്നാല്‍ ഓണക്കാലത്തെ തിക്കിലും തിരക്കിലും കഠിനാധ്വാനം ചെയ്യുന്ന ബെവ്കോ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണം നല്‍കുന്നത് കൈ നിറയെ സന്തോഷമാണ്. ഓണം ബോണസായി ബെവ്കോ ജീവനക്കാര്‍ക്ക് ഇത്തവണ ലഭിക്കുന്നത് 95,000 രൂപ വരെയാണ്. കഴിഞ്ഞ തവണ 90,000 രൂപയാണ് ബോണസായി ലഭിച്ചിരുന്നത്.
പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ചാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. 29.5 ശതമാനം എക്സ് ഗ്രേഷ്യയാണ് ബോണസായി നല്‍കുന്നത്. എക്സൈസ് മന്ത്രി എംബി രാജേഷിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ജീവനക്കാരുടെ ബോണസിനെ സംബന്ധിച്ച് അന്തിമ തീരുമാനമായത്.
മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് ബോണസ് ഉയര്‍ത്താന്‍ തീരുമാനമായത്. 5,000ഓളം ജീവനക്കാരാണ് ബെവ്കോ ഔട്ട്ലെറ്റുകളിലും ഓഫീസുകളിലുമായുള്ളത്. ലേബലിംഗ് തൊഴിലാളികള്‍ക്ക് വരെ ബോണസ് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. സ്വീപ്പര്‍ പോസ്റ്റിലുള്ള തൊഴിലാളികള്‍ക്ക് 5,000 രൂപയാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4,000 രൂപയാണ് സര്‍ക്കാര്‍ ബോണസ് നല്‍കുക.