ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റും നെഹ്റു ട്രോഫിയും രണ്ടാണ്; കോടികള്‍ അനുവദിച്ചതില്‍ പ്രാദേശിക വാദമില്ല; വള്ളംകളി നടത്തില്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമെന്ന് മന്ത്രി

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റും നെഹ്റു ട്രോഫിയും രണ്ടാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് മലബാര്‍ മേഖലയാകെ പങ്കെടുക്കുന്ന ഫെസ്റ്റാണ്. അതിനാലാണ് രണ്ടുകോടിയില്‍ അധികം രൂപ നല്‍കിയത്. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ പ്രാദേശിക വാദമില്ലെന്നും അദേഹം പറഞ്ഞു.

നെഹ്റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നല്‍കുമെന്നും റിയാസ് വ്യക്തമാക്കി. വള്ളംകളി നടത്തില്ലെന്ന പ്രചാരണം സ്വന്തം കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിന് തുല്യമാണ്.

ടൂറിസം മേഖലക്ക് നെഹ്റു ട്രോഫി വള്ളം കളി പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം.

അത് നടത്താന്‍ മുന്‍പന്തിയില്‍ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താന്‍ ശ്രമിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.