എവിടെയില്ലെങ്കിലും കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയ നടപടിക്ക് പിന്നാലെയാണ് മന്ത്രി ശിവന്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
‘കേരളമെന്തായാലും ഭഗത് സിംഗിന്റെ ചരിത്രം പഠിപ്പിക്കും. ഇന്ത്യയുടെ ധീര പുത്രനാണ് രക്തസാക്ഷി ഭഗത് സിംഗ്. എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകും. ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല. ലാല്‍സലാം..’ മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അടുത്തിടെ കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിരുന്നു.
2022-23 അധ്യയന വര്‍ഷത്തെ പുസ്തകത്തിലാണ് ‘ആരാണ് മികച്ച പുരുഷ മാതൃക’ എന്ന തലക്കെട്ടില്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം കര്‍ണാടക സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.