വഴിവിട്ട ബന്ധങ്ങൾ കൊണ്ടെത്തിച്ച അരുംകൊല... ഭാസ്‌കരക്കാരണവർ കൊലക്കേസ് വീണ്ടും ചർച്ചയാകുന്നു; ഒന്നാം പ്രതി ഷെറിനെ ജയിൽ മോചിതയ്ക്കാൻ തീരുമാനിച്ചത് മന്ത്രിസഭാ യോഗം

കേരളത്തിലെ ക്രൈം കേസുകളിൽ എല്ലാ കാലവും ഓർമിക്കപ്പെടുന്ന ചെങ്ങന്നൂർ ഭാസ്‌കരക്കാരണവർ കൊലക്കേസിലെ ഒന്നാം പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ജയിലിൽ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഷെറിന്റെ ഇളവ് പരിഗണിച്ചത്.

2009 നവംബർ ഏഴിനാണ് ചെങ്ങന്നൂർ ചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്ക്കരക്കാരണവർ കൊല്ലപ്പെട്ടത്. കാരണവരുടെ ഇളയ മകന്റെ ഭാര്യയായിരുന്നു ഷെറിൻ. മോഷണത്തെത്തുടർന്നുണ്ടായ കൊലപാതകമെന്ന് ആയിരുന്നു ആദ്യം കരുതിയത്. എന്നാൽ അന്വേഷണത്തിൽ ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സ്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണ് ഷെറി കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. ഷെറിൻ ആയിരുന്നു കേസിലെ ഒന്നാം പ്രതി. ഷെറിനും കാമുകനും രണ്ടാം പ്രതിയുമായ ബാസിത് അലിയും ചേർന്ന് കാരണവരെ കൊലപ്പെടുത്തുകയായിരുന്നു.

ശാരീരിക വെല്ലുവിളികളുള്ള ആളായിരുന്നു കാരണവരുടെ ഇളയമകൻ ബിനു പീറ്റർ. ബിനു പീറ്ററിന്റെ ജീവിതം സുരക്ഷിതമാക്കാനാണ് നിർധന കുടുംബത്തിൽ നിന്നുള്ള ഷെറിനെ മരുമകളായി കാരണവർ തിരഞ്ഞെടുത്തത്. ഇതിനായി ഷെറിന്റെ സാമ്പത്തിക ബാധ്യതയെല്ലാം തീർത്തു കൊടുത്തു. 2001ൽ ഇവർ വിവാഹിതരായി. തുടർന്ന് ഷെറിനെ അമേരിക്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഷെറിൻ മോഷണം നടത്തിയതോടെയാണ് പ്രശ്‌നങ്ങളെല്ലാം തുടങ്ങിയത്.

ഇതോടെ ഭർത്താവും കൈക്കുഞ്ഞുമായി ഷെറിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഈ സമയത്താണ് ഷെറിന്റെ വഴിവിട്ട ബന്ധങ്ങൾ തുടങ്ങിയതും. അന്നത്തെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ഓർക്കൂട്ട് വഴി ഷെറിൻ ആൺ സുഹൃത്തുക്കളുമായി ബന്ധം തുടങ്ങി. കാരണവർ വില്ലയിൽ ഷെറിന്റെ കാമുകൻമാർ ഊഴം വച്ചെത്തി. 2007ൽ ഭാര്യ അന്നമ്മ മരിച്ച ശേഷം ഭാസ്‌കര കാരണവർ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഷെറിന്റെ ബന്ധങ്ങൾ കുടുംബം അറിയാൻ തുടങ്ങിയത്.

ഭാസ്‌ക്കര കാരണവർ എത്തിയത് ഷെറിന് തടസം ആയെങ്കിലും ഷെറിൻ കാമുകൻമാരെ രഹസ്യമായി വീട്ടിൽ എത്തിക്കുന്നത് തുടർന്നു. ഒരുനാൾ പിടിക്കപ്പെട്ടതോടെ ഈ സന്ദർശനം കാരണവരുടെ മുന്നിലൂടെയായി. ഇതോടെയാണ് തൻ്റെ സ്വത്തിലെ ഷെറിന്റെ അവകാശം ഒഴിവാക്കി കാരണവർ പുതിയ വിൽപത്രം തയാറാക്കിയത്. സാമ്പത്തിക അച്ചടക്കത്തിനു കാരണവർ ശ്രമിച്ചതോടെ പലരിൽ നിന്നും ഷെറിൻ പണം കടം വാങ്ങാൻ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. എന്നാൽ കടം കൂടി തിരികെ കൊടുക്കാൻ കഴിയാതെ വന്നതോടെയാണ് ഓർക്കൂട്ട് കാമുകനായ ബാസിത് അലിയെ ഒപ്പം കൂട്ടി കാരണവരെ കൊല്ലാൻ പദ്ധതിയിട്ടത്.

ബാസിത് അലി, മറ്റു രണ്ടു സുഹൃത്തുക്കളായ ഷാനുറഷീദ്, നിഥിൻ എന്നിവർക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. വീട്ടിലുണ്ടായിരുന്ന നായ്ക്കൾ കുരയ്ക്കാതിരിക്കാൻ അവക്ക് മയക്കുമരുന്ന് നൽകി. അങ്ങനെ 2009 നവംബർ ഏഴിന് രാത്രി കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാർണവർ കൊല ചെയ്യപ്പെട്ടു.

വീട്ടിൽ പണം ധാരാളം ഉള്ളതിനാൽ മോഷണത്തിനിടെയുള്ള കൊലപാതകമാണെന്ന് ആദ്യം കരുതിയത്. വീടിന് മുകൾ നിലയിലെ ജനാല വഴി മോഷ്ടാവ് എത്താൻ സാധ്യതയെന്ന് പറഞ്ഞ് ഷെറിൻ വഴി തെറ്റിക്കാനും ശ്രമിച്ചു. എന്നാൽ മോഷ്ടാക്കൾ എത്തിയപ്പോൾ നായകൾ കുറയ്ക്കാതിരുന്നത് സംശയമായി. അതിനാൽ മോഷ്ടാക്കൾക്കു വീട്ടിൽനിന്ന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നു പൊലീസിന് മനസിലായി. കൊല നടക്കുമ്പോൾ വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. ഷെറിന്റെ ഫോണിൽ നിന്നും ഒരു നമ്പരിലേക്ക് 55 കോളുകൾ പോയതായി കണ്ടെത്തി. രണ്ടാംപ്രതി ബാസിത് അലിയുടെ ഫോണിലേക്കാണ് ഈ കോൾ പോയത്. കാരണവരുടെ കിടപ്പുമുറിയിലെ വിരൽ അടയാളം ബാസിത് അലിയുടേതാണെന്നും തെളിഞ്ഞു.

ഇതോടെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതികളെല്ലാം അറസ്റ്റിലായി. 89 ദിവസത്തിനിടെ കുറ്റപത്രം നൽകുകയും പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 14 വർഷത്തെ ശിക്ഷക്ക് ശേഷമാണ് ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചത്. മറ്റ് കൂട്ടുപ്രതികൾ ഇപ്പോഴും ജയിലിലാണ്.

Read more