കൊച്ചിയില്‍ വന്‍ ലഹരി വേട്ട; രണ്ട് കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി നിയമ വിദ്യാര്‍ത്ഥി പിടിയില്‍

കൊച്ചിയില്‍ വന്‍ ഹാഷിഷ് വേട്ട. കോടികള്‍ വിലമതിപ്പുള്ള രണ്ട് കിലോ ഹാഷിഷ് ഓയിലുമായി നിയമവിദ്യാര്‍ത്ഥി പിടിയിലായി. കാക്കനാട് സ്വദേശിയായ മുഹമ്മദ് ആണ് അറസ്റ്റിലായത്. ബംഗളൂരില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് ഇയാള്‍.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പാര്‍ട്ടികള്‍ക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന 2 കോടി രൂപ വിലയുള്ള ഹാഷിഷാണ് പൊലീസ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ടൂറിസ്റ്റ് ബസിലാണ് ഇത് കൊച്ചിയില്‍ എത്തിച്ചത്. ഇയാള്‍ കടത്തുസംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതല്‍ പേര്‍ പിടിയിലാകാന്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയില്‍ വെച്ച് വേറെ ഒരാള്‍ക്ക് കൈമാറാന്‍ മാത്രമെ നിര്‍ദ്ദേശം നല്‍കിയിരുന്നുള്ളൂ എന്നാണ് മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ മുഹമ്മദിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഹാഷിഷ് വാങ്ങാനായി ഇടപ്പള്ളിയില്‍ കാത്തു നിന്ന ആളെയും പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ സ്പ്രിന്റ് ആണ് പിടിയിലായത്.