മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകള്‍ ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിമാര്‍ വിദേശത്ത് പോയി ആകെ കൊണ്ടുവന്നിട്ടുള്ളത് മസാല ബോണ്ട് മാത്രമാണ്. ഈ യാത്രകള്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നു ചോദിച്ച സതീശന്‍ വിദേശ യാത്ര വഴി 300 കോടിയുടെ നിക്ഷേപം വന്നുവെന്ന വാദം ശരിയല്ലെന്നും പറഞ്ഞു.
കെ ഫോണില്‍ അടിമുടി ദുരൂഹതയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കെ ഫോണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ ദുരൂഹതയാണെന്നാണ് വി ഡി സതീശന്‍ ആരോപിക്കുന്നത്. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയത്. 83 ശതമാനം പൂര്‍ത്തിയായിട്ടും ഒരാള്‍ക്ക് പോലും കണക്ഷന്‍ കിട്ടിയില്ല.
കെ ഫോണില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏഴ് രൂപയ്ക്ക് ചെയ്യാവുന്ന കേബിള്‍ ഇടന്‍ 47 രൂപയ്ക്ക് കരാര്‍ നല്‍കിയെന്ന് ആരോപിച്ച വി ഡി സതീശന്‍, കെ ഫോണ്‍ അഴിമതിയില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷനെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഭിമാന പദ്ധതി കെ ഫോണ്‍ അനിശ്ചിതത്വത്തിലാണ്. പണി 83 ശതമാനം പൂര്‍ത്തിയായെന്നും 2022 ജൂണില്‍ ഗാര്‍ഹിക കണക്ഷന്‍ നല്‍കി തുടങ്ങുമെന്നും മുഖ്യമന്ത്രി പറയുമ്പോഴും നാളിതുവരെ നടപടികള്‍ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടില്ല.
കോടികള്‍ മുടക്കിയ പദ്ധതിക്ക് ലാഭകരമായി നടപ്പാക്കാനുള്ള മാര്‍ഗ രേഖ തയ്യാറാക്കുന്നതില്‍ തുടങ്ങി സൗജന്യ കണ്‍ക്ഷന് അര്‍ഹരായവരുടെ പട്ടിക ശേഖരിക്കുന്നതില്‍ വരെ കനത്ത ആശയക്കുഴപ്പം തുടരുകയാണ്.