ബാര്‍ കോഴ വിവാദത്തില്‍ വഴിത്തിരിവ്. കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അര്‍ജുന്‍ ആയിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ്.
ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച ജവഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അര്‍ജുന് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും കൈപ്പറ്റാന്‍ ഇയാള്‍ തയ്യാറായില്ല. താന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അല്ലെന്നും തന്റെ പേരില്‍ ബാറുകളില്ലെന്നുമായിരുന്നു അര്‍ജുന്റെ വാദം.
നിലവില്‍ അര്‍ജുന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അല്ലെങ്കിലും ഗ്രൂപ്പില്‍ അംഗമാണ്. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേരിട്ട് നോട്ടീസ് കൈപ്പറ്റാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഇ-മെയിലായി നോട്ടീസ് നല്‍കിയത്. അര്‍ജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഇതിന്റെ പേരിലാണ് അര്‍ജുന്‍ ഗ്രൂപ്പംഗവും അഡ്മിനുമായത്.
Read more
അതേസമയം ബാര്‍ കോഴ വിവാദത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ നോട്ടീസ് നല്‍കിയതെന്ന് അര്‍ജുന്‍ പ്രതികരിച്ചു. താന്‍ ഒരു അസോസിയേഷനിലും അംഗമല്ല. ബാര്‍ ഉടമകളുടെ അസോസിയേഷന്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും ബാറുടമകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമല്ലെന്നും അര്‍ജുന്‍ പറയുന്നു.