ബിജു രാധാകൃഷ്ണന്‍ പൊലീസ് അകമ്പടിയില്‍ വീട്ടില്‍ പോയി

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണനു വീട്ടില്‍ പോകാന്‍ സര്‍ക്കാരിന്റെ പ്രത്യേക ഇളവ്.പരോളിനുപോലും അര്‍ഹനല്ലാത്ത ബിജു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു പൊലീസ് അകമ്പടിയോടെയാണു പുത്തൂരിലെ വീട്ടില്‍ പോയത്. അമ്മയ്ക്കു സുമഖമില്ലെന്നും കാണണമെന്നും ബിജു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ അധികൃതര്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. പോകാന്‍ അനുവാദം നല്‍കാമെന്നും സുരക്ഷാ പ്രശ്‌നമൊന്നുമില്ലെന്നുമുള്ള പൊലീസിന്റെ മറുപടി വേഗത്തിലായിരുന്നു.

തുടര്‍ന്നു കഴിഞ്ഞയാഴ്ച്ചയാണു ബിജുവിനെ പൊലീസ് അകമ്പടിയോടെ വീട്ടില്‍ കൊണ്ടുപോയത്.

പരോളിന് അര്‍ഹനല്ലാത്തതിനാലാണ് ഇത്തരത്തില്‍ ബിജുവിനെ വിട്ടതെന്നാണു ജയില്‍ അധികൃതര്‍ പറയുന്നത്

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വീകരിക്കുന്ന തുടര്‍ നടപടിയില്‍ ബിജുവിനെ കൂടി വിശ്വാസത്തിലെടുക്കണമെന്നാണു പൊലീസ് ആസ്ഥാനത്തെ ചില ഉന്നതരുടെ താല്‍പര്യം.

അതിനാലാണു ബിജുവിനെ വഴിവിട്ടും വീട്ടിലേക്കു വിട്ടതെന്ന് ആരോപണമുണ്ട്. പോകുന്ന വഴിയും മടങ്ങുന്ന വഴിയും ബിജു രാധാകൃഷ്ണന്‍ ആരെയൊക്കെ കണ്ടുവെന്നു ജയില്‍ അധികൃതര്‍ക്ക് അറിയില്ല. രണ്ടു പൊലീസുകാര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.

സോളര്‍ കേസില്‍ സരിതാ നായരുടെ കത്തില്‍ പൊലീസ് തുടര്‍ നടപടി സ്വീകരിക്കുമ്പോള്‍ ബിജുവിന്റെ നിലപാടു നിര്‍ണായകമാകും.

മാത്രമല്ല സരിതയുടെ കത്തിലെ ലൈംഗികാരോപണങ്ങള്‍ അടങ്ങിയ നാലു പേജുകള്‍ മുന്‍ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിര്‍ദേശ പ്രകാരം എഴുതിച്ചേര്‍ത്തതാണെന്നു സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അരോപിച്ചിരുന്നു.

അതിനാല്‍ ഇതുവരെ സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തയാറായിട്ടില്ല. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു റജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചും മരവിപ്പിച്ചിരിക്കുകയാണ്.