ഗവര്‍ണറുടെ ചാന്‍സലന്‍ പദവി മാറ്റാന്‍ ബില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കിയുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. അതിനാലാണ് നിയമസഭ വിളിച്ച് ബില്ല് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അതേസമയം, ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഇന്നലെയാണ് ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് അയച്ചത്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് രാഷ്ട്രപതിക്ക് കൈമാറാനാകില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഇനി നവംബര്‍ 20 നാണ് കേരളത്തിലേക്ക് തിരിച്ചെത്തുക. വിഷയത്തില്‍ അദ്ദേഹം നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ഓര്‍ഡിനന്‍സ് രാഷ്ട്രപതിഭവനിലേക്ക് അയക്കുകയെന്നാണ് വിവരം. ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതിനിടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം തുടങ്ങി ക്രിസ്മസ് അവധിക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം ജനുവരിയിലും തുടരാനാണ് ആലോചന. ഇതോടെ പുതുവര്‍ഷത്തില്‍ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നത് ഒഴിവാക്കാനാകും.
Read more
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. 1990ല്‍ നായനാര്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാന്‍ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബര്‍ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.