ബിനോയ് കോടിയേരിക്ക് പണം നല്‍കി,കിട്ടുമെന്ന പ്രതീക്ഷയില്‍ രണ്ടുവര്‍ഷം മിണ്ടാതിരുന്നുവെന്ന് രാഹുല്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ രണ്ടുവര്‍ഷം മിണ്ടാതിരുന്നുവെന്നു വിവാദ കേസിലെ പരാതിക്കാരനായ രാഹുല്‍ കൃഷ്ണ. ഇടപാടുകള്‍ നടന്നു രണ്ടുവര്‍ഷമായിട്ടും ബിനോയ്ക്കും ശ്രീജിത്തിനുമെതിരെ പരാതി നല്‍കിയില്ലെന്നും രാഹുല്‍ പറഞ്ഞു. 45 വര്‍ഷമായി തന്റെ അച്ഛന്‍ പാര്‍ട്ടിയംഗമാണെന്നും അദ്ദേഹം ഇഎംഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നുവെന്നും അതിനാല്‍ ഇപ്പോഴത്തെ പ്രശ്‌നം പാര്‍ട്ടിയെയും ബാധിക്കുന്നതില്‍ ഖേദമുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ജാസ് ടൂറിസം കമ്പനിയില്‍ നേരത്തെ പാര്‍ട്‌നറായിരുന്നു ഇപ്പോള്‍ ബന്ധമില്ല. ബിനോയിയും ശ്രീജിത്തുമായി ബിസിനസ് ബന്ധമില്ല. യുഎഇയിലെ ബാങ്കുകളില്‍നിന്നു ബിനോയ്ക്കും ശ്രീജിത്തിനും പണം കടമെടുത്തു നല്‍കി. പലവട്ടം ശ്രീജിത്തിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും തുടര്‍ന്നു തന്റെ വസ്തുക്കള്‍ പണയപ്പെടുത്തേണ്ടിവന്നുവെന്നും രാഹുല്‍ പറഞ്ഞു.

ബിനോയ് കോടിയേരിയില്‍നിന്നു പണം ലഭിക്കാനുണ്ടെന്നു നേരത്തെ രാഹുലിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. രണ്ടുവര്‍ഷം മുന്‍പു തുടങ്ങിയ ഇടപാടുകളിലാണു പണം നഷ്ടപ്പെട്ടത്. ഒത്തുതീര്‍പ്പിനായി പലവഴിക്കു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബിനോയ് കോടിയേരിക്കെതിരായ പരാതി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കു നേരിട്ടു നല്‍കിയിരുന്നെന്നും ദുബായ് വ്യവസായി അദ്ദേഹത്തെ നേരിട്ടുകണ്ട് ഒത്തുതീര്‍പ്പിനായി ശ്രമിക്കുകയായിരുന്നുവെന്നും രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പറഞ്ഞു.

കുടുംബത്തില്‍ ആര്‍ക്കും പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. രാഹുലിനും പാര്‍ട്ടിയുമായി ഉറ്റബന്ധമാണുള്ളത്. ബിനോയ് പണം കടമെടുത്ത ഹസന്‍ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനിയുടെ ബിസിനസ് പങ്കാളിയാണു രാഹുല്‍ കൃഷ്ണ. രാഹുലുമായുള്ള പരിചയം മുതലെടുത്താണു ബിനോയ് കോടിയേരിയും ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും പണം വാങ്ങിയത്. ശ്രീജിത്ത് പണം തിരിച്ചടയ്ക്കാതായതോടെ രാഹുല്‍ പരാതി നല്‍കുകയായിരുന്നു.