ബിനോയിയെ വിശ്വാസത്തില്‍ എടുക്കുന്നില്ല, പാര്‍ട്ടി ഇടപെടില്ലെന്ന് എസ് രാമചന്ദ്രന്‍ പിള്ള

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പരാതിക്കാരനെയും വിശ്വാസത്തിലെടുക്കുന്നില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും വസ്തുതകള്‍ പുറത്തുവരണമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അഴിമതിയോ അധികാര ദുര്‍വിനിയോഗമോ ഇതില്‍ ആരോപിക്കാനാവില്ല. കോടതിയിലാണു പ്രശ്‌നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണ് ബിനോയ്‌ക്കെതിരെയുള്ള ആരോപണം. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ)യുടെ തട്ടിപ്പാണ് ബിനോയ് കോടിയേരിയുടെ പേരിലുള്ളത്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

Read more

അതിനിടെ, ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി വിദേശത്താണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.