തൃശൂർ പൂരത്തിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ചത് ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആംബുലൻസ് ഉപയോഗിക്കുന്നതിൽ ചട്ടങ്ങളുണ്ട്. ചട്ടങ്ങൾ ലംഘിച്ചത് സുരേഷ് ഗോപി തന്നെയാണ്. അത് തങ്ങളുടെ മിടുക്കാണ് എന്നാണ് ബിജെപി പറഞ്ഞതെന്നും ആ മിടുക്കിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഒരു എംപി പൊതുശല്യം ആയത് എങ്ങനെ എന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം. സുരേഷ് ഗോപി നല്ല നടനായിരുന്നുവെന്നും ആ നാട്യം എന്നും തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് മാധ്യമങ്ങളോട് ഇന്നാണ് സുരേഷ് ഗോപി സ്ഥിരീകരിച്ചത്.
Read more
ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ്‌ഗോപിയുടെ വാദം. പൂര നഗരിയിൽ എത്തിയത് കാറിൽ ആയിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത്. ആംബുലൻസിൽ എത്തുന്ന വീഡിയോ ഉണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൂവ് ഔട്ട്’ എന്നായിരുന്നു പ്രതികരണം. ചോദ്യങ്ങൾക്ക് മറുപടി പറയാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.