രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന് അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ അതില്‍ ഒരു കൃത്രിമത്വം തോന്നാറില്ലെന്നും കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണെന്നും കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് ഇങ്ങനെ..
രാഷ്ട്രീയത്തിനതീതമായി എനിക്ക് ഈ മനുഷ്യനെ ഇഷ്ടമാണ്. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം അദ്ദേഹത്തിന് അത്ര പരിചയം ഇല്ല എന്ന് തോന്നുന്നു. സാധാരണ ജനങ്ങളുമായി സംവദിക്കുമ്പോള്‍ അതില്‍ ഒരു കൃത്രിമത്വം തോന്നാറില്ല. കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണ്.
രാജവാഴ്ച, കുടുംബവാഴ്ച ഇവയില്‍ ഒന്നും ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് മാത്രമല്ല അതിനെതിരുമാണ്. കുടുംബവാഴ്ച എന്ന ആരോപണം ശക്തമായിരിക്കുമ്പോള്‍ തന്നെ അധികാരസ്ഥാനത്ത് നിന്നും മാറി നില്‍ക്കുവാനുള്ള ആര്‍ജ്ജവം ശ്രീ രാഹുല്‍ ഗാന്ധി കാണിക്കുന്നത് ധീരമാണ്. പ്രധാനമന്ത്രി പദം താലത്തില്‍ വച്ച് നീട്ടിയപ്പോള്‍ അതുവേണ്ട എന്ന് പറയാനുള്ള ആര്‍ജ്ജവം ശ്രീമതി സോണിയ ഗാന്ധിയും കാണിച്ചിട്ടുള്ളത് നമ്മള്‍ മറന്നിട്ടില്ല.
കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം എടുക്കുന്നില്ലെങ്കില്‍ പോലും കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ രാഹുല്‍ഗാന്ധി ഉണ്ടായിരിക്കണമെന്നാണ് എന്റെ അഭിപ്രായം. വേറെ എന്തൊക്കെ പറഞ്ഞാലും അത്രയ്ക്ക് ശക്തവും വ്യക്തവുമാണ് ഫാഷിസത്തിനെതിരെയും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയുമുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍.
മതേതരത്വവും ഭരണഘടനയും ഭരണഘടന മൂല്യങ്ങളും ഗുരുതര ഭീഷണി നേരിടുന്ന ഇന്നത്തെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് എന്നത്തേക്കാളും പ്രസക്തിയുണ്ട്. ആ പ്രസ്ഥാനത്തില്‍ രാഹുല്‍ഗാന്ധിക്കും.