സനാതന ധര്‍മ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ഭാരത സംസ്‌കാരത്തെയുമാണ് ഗോവിന്ദന്‍ അപമാനിച്ചത്. സനാതന ധര്‍മ്മത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഗോവിന്ദന്റെ പ്രസ്താവനയും ഒരേ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മതതീവ്രവാദികളെ സന്തോഷിപ്പിക്കലാണ് ഇത്തരം പ്രസ്താവനകള്‍ കൊണ്ട് സിപിഎം ലക്ഷ്യമിടുന്നത്. ഇന്‍ഡി മുന്നണി നേതാക്കള്‍ സനാതന ധര്‍മ്മത്തെ ആക്രമിക്കുന്നത് തുടരുകയാണ്. നേരത്തെ ഡിഎംകെയും പിന്നീട് ശക്തി സങ്കല്‍പ്പത്തെ അവഹേളിച്ച് രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മറ്റൊരു സഖ്യകക്ഷിയായ സിപിഎമ്മും അത് തുടരുകയാണ്.
ഈ നാടിന്റെ സംസ്‌കാരം അശ്ലീലമാണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഈ നാട്ടുകാര്‍ സിപിഎമ്മിനെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ്ഞത്. രാജ്യത്ത് ഉപ്പുവെച്ച കലം പോലെ ആയ സിപിഎമ്മാണ് ഏറ്റവും വലിയ അശ്ലീലമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.