ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കുറിച്ചും, തിരഞ്ഞെടുപ്പിലെ സാധ്യതകളെ കുറിച്ചും സൗത്ത് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയാണ് നിലവിലെ ദേവസ്വം മന്ത്രിയും ആലത്തൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനർത്ഥിയുമായ കെ. രാധാകൃഷ്ണൻ.
ക്ഷേമ പ്രവർത്തനം തകർക്കണം എന്ന ഒരൊറ്റ ലക്ഷ്യം വെച്ചാണ് ബിജെപിയും യുഡിഎഫും ഒപ്പം നിൽക്കുന്നത് എന്നാണ് രാധാകൃഷ്ണൻ പറയുന്നത്.
കെ. രാധാകൃഷ്ണൻ സൗത്ത് ലൈവിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗം:
“ദേശീയ തലത്തിൽ എൽഡിഎഫ് അത്രശക്തമല്ലെങ്കിലും നമ്മൾ മുന്നോട്ടു വെക്കുന്ന ആശയം, മറ്റ് പാർട്ടികൾ ഒന്നും മുന്നോട്ട് വെക്കാത്ത ആശയമാണ്. ഇന്ത്യൻ അവസ്ഥയെ കുറിച്ച് ശരിയായ നിലപാടുകൾ എടുക്കുകയും അതിനുവേണ്ടി പ്രവൃത്തിക്കുകയും ചെയ്യുന്നത് ഇടതുപക്ഷമാണ്.
ഇന്ത്യയിലെ ജനാധിപത്യം, മതേതരത്വം, ഫെഡറൽ മൂല്യങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കണമെന്ന കാര്യത്തിൽ എല്ലാം തന്നെ കൃത്യമായ കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെക്കുന്നത്.
നാടിന് പ്രതിസന്ധിയുണ്ടാവുന്ന ഘട്ടങ്ങളിലെല്ലാം അതിൽ നിന്നും കരകേറുന്ന നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തിന് എതിരായുള്ള നിലപാടാണ് എപ്പോഴും യുഡിഎഫ് കൈകൊണ്ടിട്ടുള്ളത്. കർണാടകത്തിലെ കേന്ദ്ര ഗവണ്മെന്റ് അവഗണന ശരിയും, കേരളത്തിലേത് തെറ്റും എന്ന നിലപാടാണ് അവർക്ക്.
അത് ഇരട്ടത്താപ്പ് തന്നെയാണ്. കേരളത്തിന് അർഹമായത് കിട്ടാനുള്ളത് കിട്ടാത്തത്തിന്റെ കാരണം തന്നെ ഇടതുപക്ഷ ഗവണ്മെന്റ് വികസന രംഗത്തും ക്ഷേമ മേഖലയിലും ഒരുകാലത്തുമില്ലാത്ത മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നതാണ്. അതുകൊണ്ട് തന്നെ ക്ഷേമ പ്രവർത്തനം തകർക്കണം എന്ന ഒരൊറ്റ ലക്ഷ്യം വെച്ചാണ് ബിജെപിയും യുഡിഎഫും ഒപ്പം നിൽക്കുന്നത്.”