തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന വൈസ് പ്രസിഡണ്ട് എഎന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നു കേട്ട പേരായിരുന്നു രാധാകൃഷ്ണന്‍.
കേരളത്തില്‍ ഇരട്ട നീതിയാണെന്ന വിഷയം ഉയര്‍ത്തിയായിരിക്കും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ പതിനയ്യായിരത്തിലധികം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.
എസ് സജിയായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി. ഇത്തവണ മുതിര്‍ന്ന നേതാവ് സ്ഥാനാര്‍ഥിയായതോടെ കൂടുതല്‍ വോട്ടുകള്‍ പിടിക്കാനാകുമെന്നാണ് ബിജെപി കരുതുന്നത്. മോദി സര്‍ക്കാരിന്റെ ജനക്ഷേമവികസനമാകും ഇത്തവണ ചര്‍ച്ചയാകുകയെന്ന് സ്ഥാനാര്‍ഥി കൂടിയായ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പിടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ജോ ജോസഫാണ്. പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്.