മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ പ്രതികരണവുമായി ബിജെപി കോൺഗ്രസ് നേതാക്കൾ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആവശ്യപ്പെട്ടു.കേവലം രാഷ്ട്രീയ ആരോപണം അല്ല കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തലാണിതെന്നും സുധാകരൻ പറഞ്ഞു.
കൊച്ചിന്‍ മിനറല്‍സ് ആന്‍റ് മെറ്റല്‍സ് കമ്പനിയില്‍ നിന്നും വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലാണ് വിവാദങ്ങൾക്ക് വഴിവച്ചത്. 10 ലക്ഷം വാങ്ങി എന്നാരോപിച്ച് തനിക്കെതിരെ അന്വേഷണം പൊടിപൊടിക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ നിരവധി ആരോപണങ്ങൾ വന്നിട്ടും അന്വേഷണം ഇല്ല. കോൺഗ്രസ് നേതാക്കളുടെ പേര് ഉണ്ടെങ്കിൽ അതിലും അന്വേഷണം നടക്കട്ടെയെന്നും കെ സുധാകരൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കരിമണൽ ഖനന കമ്പനിയുമായി വീണക്ക് എന്ത് ഡീൽ ആണ് ഉള്ളത്? എന്ത് ബന്ധമാണ് ഈ കമ്പനിയുമായി മുഖ്യമന്ത്രിയുടെ കുടുംബത്തിനുള്ളത്? കരിമണൽ കമ്പനി മുഖ്യമന്ത്രിയുടെ കുടുംബത്തിന് പണം നൽകിയത് എന്തിനാണ്? ഏത് കരാറിന്‍റെ അടിസ്ഥാനത്തിലാണ് പണം നൽകിയത്? എന്ത് സഹായമാണ് മുഖ്യമന്ത്രി അനധികൃതമായി ഈ കമ്പനിക്ക് നൽകിയത്? ബാങ്ക് വഴി മാത്രമാണോ പണം നൽകിയത്? എന്നീ ചോദ്യങ്ങളാണ് സുരേന്ദ്രൻ ഉയർത്തിയിരിക്കുന്നത്.
ഇതിന് പുറമെ മറ്റ് വഴികളിലൂടെ പണം നൽകിയോ എന്ന് പരിശോധിക്കണം. സിപിഎമ്മിന്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരണം തേടുമോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.അതേ സമയം വിഷയത്തിൽ ഒവുക്കൻ മറുപടി നൽകി ഒഴിഞ്ഞു മാറുകയായിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തല്‍ ശ്രദ്ധയില്‍ പെട്ടെന്നും, കേരള വിഷയത്തിൽ കേരള നേതൃത്വം പ്രതികരിക്കുമെന്നും യെച്ചൂരി പറഞ്ഞു.