Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ഹര്‍ത്താല്‍ ബിജെപിക്ക് നല്‍കിയത് വമ്പന്‍ തിരിച്ചടി; ശബരിമലയിലെ തന്ത്രവും പൊളിഞ്ഞു; നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നത പുറത്ത്

, 3:10 pm

ശബരിമല വിഷയം കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടെ ശ്രമം പൊളിഞ്ഞതോടെ നേതാക്കള്‍ക്കിടയിലുള്ള കടുത്ത ഭിന്നത പുറത്തായി. കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലോടെയാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാണെന്ന് വ്യക്തമായത്. ഹര്‍ത്താലിനെതിരേ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത് വന്നതും ഹര്‍ത്താലിനെ ന്യായീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള രംഗത്ത് വന്നതും ഇതിന് ഉദാഹരണമാണ്.

ഏത് പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലും പൗരാവകാശ ലംഘനമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കിയപ്പോള്‍ എല്ലാവരോടും ആലോചിച്ച് നടത്തിയ ഹര്‍ത്താലായിരുന്നുവന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ യാതൊരു വിധ കൂടിയാലോചനകളും നടന്നിട്ടില്ലെന്ന് വ്യക്തമാകുന്നതാണ് ഹര്‍ത്താലിനെതിരേ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തുറന്ന നിലപാടെന്നാണ് വിലയിരുത്തല്‍.

ശബരിമല സമരം മലയില്‍ നിന്നും മാറ്റി സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് മാറ്റിയത് പാര്‍ട്ടിയില്‍ വമ്പന്‍ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടയില്‍ കഴിഞ്ഞ ദിവസം കാരണമില്ലാതെ ഹര്‍ത്താല്‍ നടത്തിയതും പാര്‍ട്ടിക്കെതിരേ ജനവികാരം ശക്തമായി. ശബരിമല സമരവും ഹര്‍ത്താല്‍ വന്‍ പരാജയമായതും ബിജെപി സംസ്ഥാനത്ത് വന്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ കോര്‍ കമ്മറ്റിയോട് പോലും ആലോചിക്കാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്ന സൂചനയും പാര്‍ട്ടിയിലെ വിള്ളല്‍ വ്യക്തമാക്കുന്നു.

സെക്രട്ടറിയേറ്റിലെ സമരപ്പന്തലിനടുത്ത് നടന്ന ആത്മഹത്യയുടെ പേരിലായിരുന്നു ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇയാളുടെ മരണമൊഴി പുറത്ത് വന്നതോടെ ബിജെപിയുമായോ ശബരിമലയുമായോ യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞു. ഇതാണ് പാര്‍ട്ടിക്ക് കനത്ത ക്ഷീണം ചെയ്തത്. 

അതേസമയം, സെക്രട്ടറിയേറ്റില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ പേരിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്. 15 ദിവസത്തെ നിരാഹാര സമരമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. കൂടിയാലോചനകളില്ലാതെ സമരം നീട്ടിയതിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതിഷേധത്തിലാണ്.

Advertisement