അടിയൊഴുക്കുണ്ടാകുമെന്ന ആരോപണം നിലനില്‍ക്കുമ്പോഴും, അടിത്തറ ശക്തമായ നേമത്ത് പാര്‍ട്ടിയുടേതായ വോട്ടുബാങ്കുണ്ട് ബിജെപിക്ക്. 2016നു ശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും നേമം നിന്നത് എന്‍ഡിഎക്കൊപ്പമാണ്. ഈ കണക്കുകളിലൂടെയാണ് നേമം കേരളത്തിലെ ഗുജറാത്താണെന്ന് സധൈര്യം ബിജെപി അവകാശപ്പെടുന്നതും.
അതേസമയം, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും, പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് വോട്ടും തങ്ങളുടെ പെട്ടിയിലായെന്നാണ് ബിജെപിയുടെ അവകാശവാദം. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് ഇന്നലെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന. അതുകൊണ്ടു തന്നെ അട്ടിമറി വിജയത്തിന് മണ്ഡലം സാക്ഷ്യം വഹിക്കുമെന്നാണ് ബിജെപി വിശ്വാസം.
കഴക്കൂട്ടത്ത് ആചാര സംരക്ഷക പരിവേഷത്തില്‍ ശോഭാ സുരേന്ദ്രനെ ഇറക്കിയത് ഗുണം ചെയ്യുമെന്നാണ് അനുമാനം. എന്‍എസ്എസ് നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമായിട്ടുണ്ടോ എന്ന ആശങ്കയുമുണ്ട് നേതൃത്വത്തിന്.