മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 8 .10 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബിജെപി ദേശീയ എക്‌സിക്യുട്ടീവ് അംഗമായിരുന്നു.
കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ പിപി മുകുന്ദന്‍ 45 വര്‍ഷം സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. 1991 മുതല്‍ 2007 വരെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1988 മുതൽ 1955 വരെ ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
2006-ല്‍ ബിജെപിയില്‍ നിന്നു പുറത്തായ പിപി മുകുന്ദൻ പത്ത് വർഷത്തിന് ശേഷം 2016-ല്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും.
ബിജെപിയുടെ കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും അധികാര കേന്ദ്രമായിരുന്നു പിപി മുകുന്ദന്‍. ഇകെ നായനാരും കെ കരുണാകരനും ഇടത്- വലത് മുന്നണികളെ നയിച്ച കാലത്ത് ബിജെപിയുടെ ശക്തമായ മുഖമായിരുന്നു.
Read more
കേരള രാഷ്ട്രീയത്തിൽ ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നതും പിപി മുകുന്ദന്റെ കാലത്താണ്. ഇതിനായി ബേപ്പൂരിലും വടകരയിലും കോലീബി പരീക്ഷണങ്ങളടക്കം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.