മുന്‍മന്ത്രി സജി ചെറിയാനെതിരായ ഭരണഘടന അധിക്ഷേപ കേസില്‍ പൊലീസ് തിരയുന്ന വിവാദ പ്രസംഗത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ബിജെപി നേതാവ്. രണ്ടുമണിക്കൂറും 28 മിനിറ്റും 59 സെക്കന്‍ഡും ദൈര്‍ഘ്യം ഉള്ള പരിപാടിയുടെ പൂര്‍ണ്ണ വീഡിയോ വീഡിയോ ബിജെപി നേതാവ് സന്ദീപ് വചസ്പതി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മുന്‍ മന്ത്രി സജി ചെറിയാന്‍ എംഎല്‍എയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗക്കേസില്‍ സിപിഎം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി അടക്കം പത്ത് പേരുടെ മൊഴിയെടുത്തിരുന്നു. വിവാദ പ്രസംഗത്തിന്റെ മുഴുവന്‍ സമയ വീഡിയോ സൂക്ഷിച്ചിട്ടില്ലെന്നാണ് സംഘാടകര്‍ പൊലീസിന് മൊഴി നല്‍കിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോഗ്രാഫറുടെ മൊഴിയെടുത്തെങ്കിലും റെക്കോര്‍ഡ് ചെയ്ത വീഡിയോ താന്‍ സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു നല്‍കിയ മറുപടി. അതേസമയം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്ന വീഡിയോ പ്രസംഗം വിവാദമായതോടെ ഡിലീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ വീണ്ടെടുക്കാന്‍ പൊലീസ് സൈബര്‍ ഫോറന്‍സിക് വിഭാഗത്തെ സമീപിക്കാനിരിക്കെയാണ് സന്ദീപ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. സംഭവം വിവാദമായതോടെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.