ലക്ഷദ്വീപ് അഡ്‍മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേലിനെതിരായ പ്രതിഷേധത്തെ അനുകൂലിച്ച് ലക്ഷദ്വീപിലെ ബി.ജെ.പി നേതൃത്വം.അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിലെ ബി.ജെ.പി ജനറൽ സെക്രട്ടറി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജനറൽ സെക്രട്ടറി എച്ച്.കെ മുഹമ്മദ് കാസിം ആണ് കത്തയച്ചത്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അഡ്മിനിസ്ട്രേറ്ററുടെ നടപടിയെ പുകഴ്ത്തുമ്പോഴാണ് ദ്വീപിലെ ബി.ജെ.പി നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും മുഹമ്മദ് കാസിം മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്കാരങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും മുഹമ്മദ് കാസിം പറഞ്ഞു.
അഡ്‍മിനിസ്ട്രേറ്റര്‍ ദ്വീപിലെ ക്ഷേമ പദ്ധതികൾ നിർത്തലാക്കിയെന്നും ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്‍. പാർട്ടിയുമായി അഡ്മിനിസ്ട്രേറ്റർ സഹകരിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. കർഷകർക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങൾ നിർത്തി. വിവിധ പദ്ധതികൾ നിർത്തലാക്കി. 500 താൽക്കാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു.15 സ്കൂളുകൾ അടച്ചു പൂട്ടി. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും മുഹമ്മദ് കാസിം ആരോപിച്ചു.
അതേസമയം ലക്ഷദ്വീപ് അഡ്‍മിനിസ്ട്രേറ്ററായ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദ നടപടികൾ തുടരുകയാണ്. സർക്കാർ ഡയറിഫാമുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ മൊബൈലിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.