ബി.ജെ.പി വിട്ടു നിന്നു; തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയം പരാജയം

തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ക്കെതിരായി കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ബിജെപി തീരുമാനിച്ചതാണ് പരാജയത്തിന് കാരണം. 25 കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ പ്രതികൂലിച്ചും 24 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു.

കോര്‍പ്പറേഷനിലെ മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെ ആയിരുന്നു അവിശ്വാസ പ്രമേയം. മേയര്‍ എം.കെ. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രമേയം കൊണ്ടുവന്നത്. ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വോട്ടെടുപ്പ് നടന്നത്.

അമ്പത്തിയഞ്ച് അംഗ കൗണ്‍സിലില്‍ അവിശ്വാസം മറിക്കടക്കാന്‍ ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ എങ്കിലും വേണം. ബിജെപിയുടെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാസാക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്ന് ബിജെപി അറിയിക്കുകയായിരുന്നു.

കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇരുപത്തിനാല് അംഗങ്ങള്‍ വീതവും ബിജെപിക്ക് ആറംഗങ്ങളുമാണ് ഉള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച എം കെ വര്‍ഗീസിന്റെ പിന്തുണ ലഭിച്ചതോടെ എല്‍ഡിഎഫ് ഭരണം നേടുകയായിരുന്നു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സന്തോഷം അറിയിച്ചു കൊണ്ട് പ്രകടനം നടത്തി.