ബിജെപി സംഘടന തിരഞ്ഞെടുപ്പ് ആരംഭിച്ചു; ദേശീയ അധ്യക്ഷനും സംസ്ഥാന അധ്യക്ഷന്‍മാരും ഫെബ്രുവരിയില്‍ മാറും; കേരളത്തില്‍ ബൂത്തില്‍ തുടങ്ങി പൊളിച്ചെഴുത്ത്

ബിജെപി ദേശീയ അധ്യക്ഷനും സംസ്ഥാന അധ്യക്ഷന്‍മാരും ഫെബ്രുവരി അവസാനത്തോടെ മാറും. ദേശീയ തലത്തില്‍ ബിജെപിയുടെ സംഘടന തിരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ബൂത്ത് തല തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ പിന്‍ഗാമിയെ ഫെബ്രുവരി അവസാനം പ്രഖ്യാപിക്കും. ഇതിനായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ ജനുവരി പകുതിയോടെ തുടങ്ങും.

Read more

ബി.ജെ.പിയുടെ 60 ശതമാനം സംസ്ഥാന യൂനിറ്റ് പ്രസിഡന്റുമാരുടെയും കാലാവധി അവസാനിച്ചു. അവര്‍ക്ക് പകരക്കാരെ ജനുവരി പകുതിയോടെ നിയമിക്കും. ബിജെപിയുടെ ഭരണഘടനപ്രകാരം, ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും മുമ്പ് പകുതി സംസ്ഥാന ഘടകങ്ങളിലെങ്കിലും സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം. ഇതിന്റെ ഭാഗമായാണ് കേരളത്തിലേതടക്കമുള്ള ബൂത്തുകളിലേക്ക് സംഘടന തിരഞ്ഞെടുപ്പ് ആരംഭിച്ചിരിക്കുന്നത്. പ്രസിഡന്റിന്റെ കാലാവധി മൂന്ന് വര്‍ഷമാണെങ്കിലും, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് നഡ്ഡക്ക് കാലാവധി നീട്ടിനല്‍കിയത്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റുമാര്‍ കാലാവധി പൂര്‍ത്തിയാക്കിയവരാണ്.