Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ശ്രീധരന്‍ പിള്ളയുടെ യാത്രയ്ക്ക് പിന്നാലെ വരുന്നു അയോധ്യ മോഡല്‍ രഥയാത്ര; ഒഡീഷയിലെ പുരിയില്‍ തുടങ്ങി പമ്പയില്‍ അവസാനിക്കുന്ന എ സി രഥയാത്രയുടെ ചെലവ് 20 കോടി, യാത്രയ്ക്ക് വന്‍ ഫണ്ട് പിരിവുമായി ബി.ജെ.പി

, 5:29 pm

ബിന്‍ഷ മോഹന്‍ദാസ്

ശബരിമല വിഷയത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന രഥയാത്രയ്ക്ക് പിന്നാലെ ദേശീയ തലത്തില്‍ വന്‍ ഫണ്ട് പിരിവോടെ മറ്റൊരു ഹൈടെക് യാത്രയ്‌ക്കൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പ് വരാനിരിക്കെ, ശബരിമല വിഷയം ദേശീയ തലത്തില്‍ സജീവമാക്കി നിര്‍ത്തി ഇതിലൂടെ ഹിന്ദു ഐക്യവും വന്‍ തോതില്‍ ഫണ്ട് പിരിവും ലക്ഷ്യമിട്ടാണ് യാത്ര. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നോ അല്ലെങ്കില്‍ ഹരിദ്വാറില്‍ നിന്നോ ആയിരിക്കും ഏകദേശം രണ്ട് മാസമെങ്കിലും നീണ്ടു നില്‍ക്കുന്ന ഹൈടെക് എ സി രഥയാത്ര.

മധ്യേന്ത്യ മുതല്‍ തെക്കോട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന യാത്ര പമ്പയില്‍ സമാപിക്കും. മകരവിളക്കിന് സമാപനം എന്ന നിലയിലാണ് പദ്ധതി തയ്യാറാക്കുന്നതെങ്കിലും ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ബിജെപി,ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ പ്ലാന്‍ ചെയ്യുന്ന യാത്രയുടെ പ്രധാന ഉദ്ദേശ്യം തെക്കന്‍ സംസ്ഥാനങ്ങളിലെ ഹിന്ദു വോട്ടുകളാണ്. അയോധ്യ മോഡല്‍ രഥയാത്രയായ്ക്ക് 20 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നതെങ്കിലും വന്‍ തുക ഇതിലൂടെ സാമാഹരിക്കുകയാണ് ലക്ഷ്യം. 15 അംഗങ്ങളുള്ള ട്രസ്റ്റിനാണ് യാത്രയുടെ ചുമതലയെന്ന് ആര്‍ എസ് എസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സാമ്പത്തിക പിരിവിന്റെ ചുമതല കേരളത്തില്‍ നിന്നുള്ള ഒരു പാര്‍ട്ടി എം പിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ഒരംഗത്തിനാണ്.

കലാപ ആഹ്വാനം: ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

രഥയാത്രയുടെ ഭാഗമായി മലയാളികള്‍ ഏറെയുളള ഡെല്‍ഹിയില്‍ നിന്ന് സംഭാവന പിരിവ് തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് യാത്രയ്ക്ക് പിരിവ് നടക്കുകയാണ്. നിര്‍ണായകമായ യാത്ര ആര് നയിക്കുമെന്നുള്ളത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെങ്കിലും സന്യാസിമാരോ മത സംഘടനാ നേതാക്കളോ ആയിരിക്കും മുന്‍ നിരയിലുണ്ടാവുക എന്നാണറിയുന്നത്. പി എസ് ശ്രീധരന്‍ പിള്ള നയിക്കുന്ന രഥയാത്ര നവംമ്പര്‍ 13 നാണ് അവസാനിക്കുന്നത്. ദേശീയ തലത്തില്‍ നടക്കുന്ന യാത്രയുടെ പൈലറ്റ് യാത്രയായിട്ടാണ് ഇതിനെ കാണുന്നത്. മലയാളികള്‍ കൂടുതലുള്ള ഡെല്‍ഹി, മുംബൈ പോലുള്ള മെട്രോകളില്‍ നിന്ന് വന്‍ പിരിവാണ് ഇതിനായി ലക്ഷ്യമിടുന്നത്.

ശ്രീധരന്‍ പിള്ള സെന്റര്‍ ഫോര്‍വേഡ്, ഇടതു വിങ്ങില്‍ തന്ത്രി, മിഡ്ഫീല്‍ഡില്‍ സുകുമാരന്‍ നായര്‍, ഗോള്‍ വല കാക്കുന്നത് പൂഞ്ഞാര്‍ വ്യാഘ്രം പിസി ജോര്‍ജ്: ശബരിമല വിഷയത്തില്‍ അഡ്വ. ജയശങ്കര്‍

ഹൈദരാബാദ് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പണം ഇതിലൂടെ സമാഹരിക്കാനാവുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം ക്ലബില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് യാത്ര സംബന്ധിച്ച തീരുമാനമുണ്ടായത്. ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലും ഈയിടെ സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ പിഴിയുന്നത് നിര്‍ത്തണമെന്നും നിര്‍ബന്ധമായും ക്യൂ സംവിധാനം പാലിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതോടെ പുരോഹിതന്‍മാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ വ്യാപകമായ പ്രതിഷേധം നടക്കുകയാണ്. വരുമാനം നിലച്ചതിനാല്‍ ആത്മഹത്യയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രവാസി സുപ്രീം കോടതിക്ക് കത്തയച്ചത് വിവാദമായിരുന്നു. അവിടേയും പ്രതിസ്ഥാനത്ത് സംസ്ഥാന സര്‍ക്കാരാണ്. ഈ സമാന സാഹചര്യം പരിഗണിച്ചാണ് വിശ്വാസ സംരക്ഷണത്തിന് പുരി ക്ഷേത്രം തന്നെ തിരഞ്ഞെടുത്തത്.

Advertisement