ക്രിസ്‌ത്യാനികളോടുള്ള ബിജെപിയുടെ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിഷയത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ബിജെപിയെ വിമർശിച്ചതിനാണ് തനിക്കെതിരെ പരാതി നൽകിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതിയിലേക്ക് നയിച്ചത്.
മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർന്ന് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്.
രാഹുൽ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തെ തുടർന്നാണ് പരാതി. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ബിജെപിയുടെ ആരോപണം. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേരിൽ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. മതസ്പർധ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.