ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിയും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ, താത്പര്യമില്ലെന്ന് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചെന്നാണ് വിവരം.
ലോക്‌സഭാ തിരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനും സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നതാണ്. താത്പര്യമില്ലെന്ന് അറിയിച്ച് പിന്മാറിയ അദ്ദേഹത്തിന് അവസാനം തൃശ്ശൂരിൽ മത്സരിക്കേണ്ടി വന്നു. പി.എസ് ശ്രീധരൻപിള്ള മിസോറം ഗവർണറായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒട്ടേറെ പേരുകൾ ഉയർന്നിട്ടുണ്ട്.
സുരേഷ് ഗോപിക്കു പുറമേ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, നിലവിലുള്ള ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എന്നിവരാണ് ഒടുവിലത്തെ സാദ്ധ്യതാ പട്ടികയിലുള്ളത്. അവസാനവാക്ക് അമിത് ഷായുടേതാണെങ്കിലും ആർ.എസ്.എസിന്റെ താത്പര്യംകൂടി പരിഗണിച്ചേ അന്തിമ തീരുമാനം ഉണ്ടാകൂ.
Read more
ആർ.എസ്.എസിൽ രണ്ടു വിഭാഗങ്ങൾ കെ. സുരേന്ദ്രനും എം.ടി. രമേശിനുമായി രംഗത്തുണ്ട്. അടുത്തയാഴ്ച കൊച്ചിയിൽ ആർ.എസ്.എസ് നേതൃത്വവും ബി.ജെ.പി ദേശീയ നേതാക്കളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. കുമ്മനത്തിന് സംസ്ഥാന അദ്ധ്യക്ഷപദവിയോ ദേശീയ നേതൃത്വത്തിൽ മുന്തിയ സ്ഥാനമോ നൽകണമെന്ന അഭിപ്രായമാണ് ആർ.എസ്.എസിനുള്ളത്.