കറുത്ത സ്റ്റിക്കര്‍;കാരണം അവ്യക്തമായി തുടരുന്നു, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാന വ്യാപകമായി വീടുകളിലെ ജനല്‍ ചില്ലുകളിലും മറ്റും കറുത്ത സ്റ്റിക്കര്‍ പതിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല കൊണ്ടുവന്ന സബ്മിഷന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇത് നിയമ സഭയില്‍ വ്യക്തമാക്കിയത് . പോലീസിന് ആവശ്യമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ സ്ററിക്കറുകള്‍ക്ക് പിന്നില്‍ സിസിടിവി ക്യാമറകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.. വീടുകളില്‍ സിസിടിവി ക്യാമറകളുടെ ആവശ്യകതയുണ്ടെന്ന് ബോധവത്കരിക്കാന്‍ വേറിട്ട പരസ്യരീതി പരീക്ഷിക്കുകയായിരുന്നുവെന്നുവെന്നതാണ് ഒരു നിരീക്ഷണം. അതേസമയം കടകളില്‍ നിന്ന് ഗ്ലാസ് വാങ്ങുന്പോള്‍ ഉരയാതെ വയ്ക്കുന്ന റബ്ബര്‍ ബുഷ് ആണെന്നും വാദമുണ്ട്. പിന്നീട് പണിക്കാര്‍ ഇത് മാറ്റാതെ തന്നെ ഗ്ലാസ് പിടിപ്പിക്കുന്നതാണ് കാരണമെന്നും പറയപ്പെടുന്നു.

വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്താരായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുടെയോ മോഷ്ടാക്കളുടെയോ സംഘം അടയാളമായി സ്റ്റിക്കര്‍ ഒട്ടിക്കുന്നതാണെന്നായിരുന്നു പലരും കരുതിയിരുന്നത്.  തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Read more

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവങ്ങള്‍ മലപ്പുറത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതെ തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴും ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോള്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സത്യാവസ്ഥ കണ്ടെത്തിയത്.