മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ രണ്ടെണ്ണം, രാജസിംഹാസനം, രാജാക്കന്മാരുടെ വാളുകള്‍, അപൂര്‍വ്വ വിശുദ്ധ ഗ്രന്ഥങ്ങള്‍, യേശുവിന്റെ തിരുശേഷിപ്പ് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരാവസ്തുക്കളുടെ പട്ടിക നിരത്തി തട്ടിപ്പ് നടത്തിയ മോന്‍സണ്‍മാവുങ്കലിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ഡിഐജി സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മോഹന്‍ലാല്‍, മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും പ്രമുഖ വ്യക്തികളെ കൂടെ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട് അറസ്റ്റിലായ മോന്‍സന്‍.
കൊച്ചി കലൂരിലെ വൈലോപ്പിള്ളി ലൈനില്‍ സ്ഥിതി ചെയ്യുന്ന അത്യാഢംബര വീട് പുരാവസ്തു മ്യൂസിയമാക്കി, വരുന്നവരെയെല്ലാം പറഞ്ഞ് പറ്റിച്ച് വിദേശത്തു നിന്നും കോടികള്‍ ലഭിക്കാനുണ്ടെന്നും, അത് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ട് മുടങ്ങിക്കിടക്കുകയാണെന്നും പണം ലഭിക്കാനായി രണ്ടുകോടി രൂപ വേണം എന്നാവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇതിലൂടെ ഏതാണ്ട് പത്തുകോടി രൂപ നഷ്ടപ്പെട്ടവരുടെ പരാതിയിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, ചേര്‍ത്തല സിഐയും ഇയാള്‍ക്ക് വേണ്ടി പലതവണ പരാതിക്കാരെ ഭിഷണിപ്പെടുത്തിയതായും, അന്വേഷണം അട്ടിമറിച്ചതായും തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആളുകള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുമുണ്ട്. എന്നാല്‍ ഉന്നതരായ പലരും മാനഹാനി ഭയന്ന് പുറത്തു പറയാന്‍ തയ്യാറാകുന്നില്ലെന്ന് മാത്രം.
2018ഓടെയാണ് ഇയാള്‍ മാധ്യമങ്ങളിലടക്കം പണം നല്‍കി വാര്‍ത്തകള്‍ ചെയ്തു തുടങ്ങിയത്. ഇതിന് നേതൃത്വം നല്‍കിയത് കൊച്ചിയിലെ ഒരു റിപ്പോര്‍ട്ടറും. നടന്‍ ബാലയുടെ യൂട്യൂബിന് നല്‍കിയ അഭിമുഖത്തില്‍ മൈസൂര്‍ രാജാവ് വിമാനയാത്രയില്‍ പരിചയപ്പെട്ടുവെന്നും, അങ്ങനെയാണ് തന്റെ ഗതി മാറിയതെന്നും പറയുന്നുണ്ട്. മുപ്പതിലധികം വര്‍ഷമായി ലോക ചരിത്രത്തിലെ പ്രധാന കളക്ഷനുകള്‍ താന്‍ ശേഖരിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു.
നിരവധി തവണ മോന്‍സണെതിരെ പരാതി നല്‍കിയിട്ടും കേരളാ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിലെത്തുന്നത്. അറസ്റ്റിന് പിന്നാലെ മോന്‍സനെക്കുറിച്ച് അഭിമുഖം നല്‍കിയ യൂട്യൂബര്‍മാരിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കലൂരിലെ വീട്ടിലുള്ളതില്‍ പലതും വ്യാജമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജമായ കാര്യങ്ങളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ യൂട്യൂബര്‍മാര്‍ പ്രചരിപ്പിച്ചത് തട്ടിപ്പിന്റെ തുടക്കമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പുരാവസ്തുവകുപ്പ് കലൂരിലെ മോന്‍സന്റെ വീട്ടിലെത്തി പരിശോധനകള്‍ നടത്താനും നീക്കമുണ്ട്. ഇവിടെയുള്ള വസ്തുക്കളുടെ ആധികാരികതയും, കാലപ്പഴക്കവും നിശ്ചയിച്ച് വിശദമായ റിപ്പോര്‍ട്ടാകും കോടതിക്ക് നല്‍കുക.