കെ.എസ്.ഇ.ബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള പോര് മുറുകുന്നു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ബോര്‍ഡിന് മുന്നില്‍ രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ സത്യാഗ്രഹം നടത്തും. പ്രതിഷേധത്തെ നേരിടാന്‍ ചെയര്‍മാന്‍ ബി. അശോക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സത്യാഗ്രഹം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
വിരട്ടി പിന്തിരിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും, ചെയര്‍മാന്‍ നയങ്ങള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും ഓഫിസേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
ഇടത് സംഘടന നേതാവും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിനെ അകാരണമായി സസ്പെന്‍ഡ് ചെയതുവെന്ന് ആരോപിച്ചാണ് ചെയര്‍മാനെതിരെ സമരം നടത്തുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചെയര്‍മാന്‍ സംസാരിച്ചുവെന്ന് അസോസിയേഷന്‍ ആരോപിച്ചു. വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.
വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രതികാാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വനിത സത്യാഗ്രഹവും, സംസ്ഥാന വ്യാപക പ്രതിഷേധവും സംഘടിപ്പിക്കുന്നത്.
അനുമതിയില്ലാതെ അവധിയില്‍ പോയെന്നും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നും കാണിച്ചാണ് ജാസ്മിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ നിയമപരമായി അവധിയെടുത്ത ഉദ്യേഗസ്ഥയ്്‌ക്കെതിരെയാണ് നടപടി എടുത്തതെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. പണിമുടക്കില്‍ പങ്കെടുത്തതാണ് വിരോധത്തിന് കാരണം. സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിവേദന നല്‍കിയപ്പോള്‍ ബി അശോക് പരിഹസിച്ചുവെന്നും പരാതിയുണ്ട്.
അതേസമയം ചെയര്‍മാനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ ദുരാരോപണങ്ങള്‍ ഉന്നയിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നും ബോര്‍ഡ് ഡയറക്ടര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.