കാസർഗോഡ് പൈവളിഗെയിലെ പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവർ പ്രദീപിൻറേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മൃതദേഹങ്ങൾക്ക് ഇരുപത് ദിവസത്തിൽ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. മൃതദേഹങ്ങൾ ഉണങ്ങിയ നിലയിൽ (മമ്മിഫൈഡ്)ആയിരുന്നു.
കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇരുവരുടേയും ഫോണുകൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.
പെൺകുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനു ശേഷമാണിപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.