കൂന്നൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുലൂരില്‍ നിന്ന് ആരംഭിച്ചു. വാളയാര്‍ അതിര്‍ത്തിയില്‍ മൃതദേഹം സംസ്ഥാന മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും. കെ. രാജന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പ്രൊഫസര്‍ ആര്‍. ബിന്ദു എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങുക. 11 മണിക്കാണ് മൃതദേഹവുമായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ വിമാനം കൂന്നൂരില്‍ എത്തിയത്. തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
തൃശൂര്‍ ജില്ലയിലെ അതിര്‍ത്തിയായ വാണിയംപാറയില്‍ ജില്ലാ കളക്ടുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രദീപ് പഠിച്ച പുത്തൂരിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഒരു മണിക്കൂര്‍ നേരമാണ് പൊതുദര്‍ശനം. ഇതിന് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് എത്തിക്കും. 70 സൈനികരാണ് സംസ്‌കാര ചടങ്ങിന് എത്തുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍. ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് പ്രദീപിന് അന്ത്യോപചാരം അര്‍പ്പിക്കാനായി വീട്ടിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്.
പുത്തൂരിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തൃശൂര്‍ മുതല്‍ പ്രദീപിന്റെ വീട് വരെ ഗതാഗതം വണ്‍വേ ആക്കുമെന്നാണ് പൊലീസും അറിയിച്ചിരിക്കുന്നത്.