ഭർതൃ വീട്ടുകാർ നടത്തുന്ന ബോഡി ഷെയ്മിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ശാരീരികാവഹേളനം നടത്തി, വിദ്യാഭ്യാസ യോഗ്യത പരിശോധിച്ചു എന്നീ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ മൂത്ത സഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഹർജിക്കാരി. ഭർത്താവും അമ്മായിയച്ഛനും ആണ് ഒന്നും രണ്ടും പ്രതികൾ. മൂവർക്കുമെതിരെ ഐപിസി സെക്ഷൻ 498 എ (ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത) പ്രകാരമാണ് പൊലീസ് കേസെടുത്തത്. യുവതിക്ക് നല്ല ശരീരാകൃതിയില്ലെന്നും ഭർത്താവിന്റെ സഹോദരന് കൂടുതൽ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി. യുവതിയുടെ എംബിബിഎസ് യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
എന്നാൽ, ഇതൊന്നും ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. പരാതിക്കാരിയുടെ ഭർത്താവിൻ്റെ ജ്യേഷ്ഠൻ്റെ ഭാര്യ എന്ന നിലയിൽ 498 എ വകുപ്പ് പ്രകാരം ‘ബന്ധു’ എന്ന പദത്തിൻ്റെ പരിധിയിൽ വരുന്നില്ലെന്നും ഹർജിക്കാരി വാദിച്ചു. എന്നാൽ ഈ വാദങ്ങൾ ഒന്നും കോടതി അംഗീകരിച്ചില്ല. ഐപിസി സെക്ഷൻ 498 എ പ്രകാരം ഭർത്താവിന്റെ സഹോദരന്റെ ഭാര്യയെയും ഭർത്താവിന്റെ ബന്ധുവായിട്ടേ കണക്കാക്കാനാകൂ എന്നും കോടതി വിലയിരുത്തി.
Read more
പരാതിക്കാരിയുടെ യോഗ്യത പരിശോധിക്കുന്നതും ബോഡി ഷെയ്മിംഗ് ചെയ്യുന്നതും പ്രഥമദൃഷ്ട്യാ അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ള ബോധപൂർവമായ പെരുമാറ്റമാണ്. സെക്ഷൻ 498 എ പ്രകാരം ഇത്തരം പ്രവൃത്തികൾ ഗാർഹിക പീഡനത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.