കൊച്ചിയില്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച സംഭവത്തില്‍ ടാറിങ് തൊഴിലാളി അറസ്റ്റില്‍. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പനാണ് അറസ്റ്റിലായത്. കൊച്ചി സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊള്ളലേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ചെലവന്നൂരിലാണ് സംഭവം. റോഡ് ടാറിങ് നടക്കുന്നതിനിടെ ടാറിങ് തൊഴിലാളികള്‍ മര്‍ദ്ദിച്ചെന്നും ദേഹത്ത് ടാറൊഴിച്ച് പൊള്ളിച്ചെന്നുമാണ് പരാതി.ചെലവന്നൂര്‍ സ്വദേശികളായ ജിജോ, ബിനു, വിനോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നുവെന്ന് മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും കാണാതിരുന്നതിനെ തുടര്‍ന്നാണ് ഇതുവഴി കടന്നുവന്നതെന്നും യുവാക്കള്‍ പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ തര്‍ക്കമാകുകയായിരുന്നു.
അതേസമയം, ടാറിംഗ് തൊഴിലാളിയെ കാര്‍ യാത്രക്കാര്‍ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാര്‍ കമ്പനി പറയുന്നത്.