കൊല്ലം പത്തനാപുരത്ത് ഉഗ്രസ്ഫോടനശേഷിയുള്ള ബോംബ് നിർമാണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിൽ ഭീകരബന്ധമെന്ന് സംശയം. സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡ് സംഭവത്തിൽ അന്വേഷണം നടത്തും. പ്രദേശത്ത് എ.ടി.എസും സംസ്ഥാന പൊലീസും ഇന്ന് സംയുക്ത പരിശോധന നടത്തും. സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും അന്വേഷിക്കും.
തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകൾ മേഖലയിൽ നേരത്തേ ആയുധ, കായിക പരിശീലനം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമുൾപ്പടെ ബോംബ് നിർമാണത്തിനാവശ്യമുള്ള വസ്തുക്കളാണ് പത്തനാപുരം പാട്ടത്തെ കശുമാവിൻ തോട്ടത്തിൽ നിന്ന് ഇന്നലെ പൊലീസ് കണ്ടെത്തിയത്. വനംവികസന കോർപ്പറേഷന് കീഴിലുള്ളതാണ് ഈ കശുമാവിൻ തോട്ടം.
പാട്ടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്. കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ വിവര ശേഖരണത്തിന്‍റെ കാരണവും ഇതു തന്നെ. സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിച്ചിരുന്നു.