മലപ്പുറത്ത് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍, കണ്ടെത്തിയത് ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് റെയിൽവേ മേൽപ്പാലത്തിനു സമീപം ഉഗ്ര സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇന്നലെ രാത്രിയാണ് റെയിൽവേ മേൽപ്പാലത്തിനു സമീപം ഭാരതപ്പുഴയോടു ചേർന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സൈന്യം യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.

250 മീറ്റർ പരിധി വരെ നശിപ്പിക്കാന്‍ പ്രഹരശേഷിയുള്ളതാണ് ഇവിടെനിന്നും കണ്ടെത്തിയ ബോംബെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇറാഖ്, ബോസ്‌നിയ, കുവൈത്ത് യുദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള തരം കുഴിബോംബാണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ച് ബോംബുകളാണ് റയിൽവേ മേൽപാലത്തിനടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടായിരുന്നത്.

കുഴിബോംബുകളാണ് അവയെന്ന് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍തന്നെ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് സ്‌ഫോടക വസ്തുക്കള്‍ പോലീസ് വിശദമായ പരിശോധനയ്ക്ക് അയച്ചത്. വിശദ പരിശോധനകൾക്കായി ഇവ മലപ്പുറം എആർ ക്യാംപിലേക്കു മാറ്റി.

Read more

സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ വിവരം സൈന്യത്തെയും നാഷനൽ സെക്യൂരിറ്റി ഗാർഡിനെയും (എൻഎസ്ജി) അറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.