മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി സന്ദേശം. ധനകാര്യ സെക്രട്ടറിയുടെ ഇ മെയിലേക്കാണ് സന്ദേശമെത്തിയത്. തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. രാജ്ഭവനിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നാണ് ഇ മെയിൽ സന്ദേശം.
അതേസമയം സംസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. സർക്കാർ ഓഫീസുകള്‍, പഞ്ച നക്ഷത്ര ഹോട്ടലുകള്‍, കോടതികള്‍, ബാങ്കുകള്‍, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം ബോംബ് വെച്ചെന്ന വ്യപക സന്ദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനാകാതെ പൊലീസും ബോംബ് സ്ക്വാഡും വട്ടംചുറ്റുകയാണ്.
Read more
ദിവസവും പൊലീസിനെ വട്ടം ചുറ്റിച്ച് എത്തുന്ന സന്ദേശങ്ങളെല്ലാം ഡാർക്ക് വെബ്ബിലെ ഇ-മെയിൽ വിലാസത്തിൽ നിന്നായതിനാൽ പ്രതിയിലേക്കെത്താൻ കഴിയുന്നില്ല. ഭീഷണി ഓരോ ദിവസവും തുടരുമ്പോഴും ഉറവിടം കണ്ടെത്തൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്താനിരിക്കെ ഉണ്ടാകുന്ന ഭീഷണി സന്ദേശങ്ങളിൽ ഇന്റലിൻജൻസിനും അതൃപ്തിയുണ്ട്.