ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ ക്യൂവിലാണ്; എം.പിമാരാകാന്‍ മത്സരിക്കുന്നത് ഒമ്പതു പേര്‍

വടകരയില്‍ കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ ഇരു മുന്നണികളിലുമായി മത്സരിക്കുന്നത് ഒമ്പത് എംഎല്‍എമാര്‍. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ് കടുത്ത വാശിയേറിയതായതോടെ ഇരുമുന്നണികളും ഏറ്റവും ജനകീയരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം കാണാത്ത മുന്നണികള്‍ അതുകൊണ്ട് തന്നെ ജനകീയരെന്ന നിലയില്‍ എം.എല്‍.എമാരെ മുമ്പ് എന്നത്തെക്കാളുമധികം കൂട്ടു പിടിച്ചിരിക്കുന്നു. കൂടുതല്‍ എംഎല്‍എമാരെ മത്സര രംഗത്തിറക്കിയിരിക്കുന്നത് ഇടതുപക്ഷമാണ്. എല്‍ഡിഎഫിന്റെ ആറ് എംഎല്‍എമാരാണ് ഇത്തവണ പാര്‍ലമെന്റിലേയ്ക്ക് മത്സരിക്കുന്നത്.  കഴിഞ്ഞതവണ കൂടുതല്‍ സ്വതന്ത്രരെ രംഗത്തിറക്കി ജനവിധി തേടിയ സി.പി.എം ഇത്തവണ സ്വീകരിച്ച തന്ത്രം അതത് ജില്ലകളിലെ ഏറ്റവും ജനകീയരായ എം.എല്‍എമാരെ ഇറക്കി സീറ്റ് തിരിച്ചുപിടിക്കുകയാണ്.

നെടുമങ്ങാട് എംഎല്‍എ സി. ദിവാകരന്‍- തിരുവനന്തപുരം, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍- മാവേലിക്കര, കോഴിക്കോട് നോര്‍ത്ത് എംഎല്‍എയായ എ പ്രദീപ് കുമാര്‍- കോഴിക്കോട്, അരൂര്‍ എംഎല്‍എ എ. എം. ആരിഫ്- ആലപ്പുഴ, ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്- പത്തനംതിട്ട, നിലമ്പൂര്‍ എംഎല്‍എ പി. വി അന്‍വര്‍- പൊന്നാനി,എന്നിവരാണ് ഇടതുമുന്നണി ഗോദയിലിറക്കിയിരിക്കുന്നത്.

Read more

മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ലോക്സഭയിലേയ്ക്ക് മത്സരിക്കുന്നത്. വടകരയില്‍- വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരന്‍. കൂടാതെ എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എറണാകുളം ലോക്സഭാ മണ്ഡലത്തില്‍നിന്നും, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്.