ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള നികുതിവര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ പ്രതിപക്ഷത്ത് തമ്മിലടി രൂക്ഷം. വര്‍ധിപ്പിച്ച നികുതി ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ചാണ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായത്. ബജറ്റിന് പിന്നാലെ നികുതി ബഹിഷ്‌കരിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആഹ്വാനം പെയ്തിരുന്നു. എന്നാല്‍, ഈ ആഹ്വാനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തള്ളിയതോടെയാണ് ഭിന്നത രൂക്ഷമായത്. നികുതി അടയ്ക്കാതിരിക്കുക പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷ നേതാവ് എടുത്തിരിക്കുന്ന നിലപാട്. എന്നാല്‍, നികുതി ബഹിഷ്‌കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി.
2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയന്‍ നടത്തിയ ആ പരാമര്‍ശത്തെ ഓര്‍മിപ്പിക്കാനാണ് നികുതി ബഹിഷ്‌കരിക്കാന്‍ പറഞ്ഞത്. നികുതി ബഹിഷ്‌കരിക്കണം, ഞങ്ങളുടെ പാര്‍ട്ടി സംരക്ഷണം തരും എന്ന് പിണറായി പറഞ്ഞ വാക്ക് ഞാന്‍ ആവര്‍ത്തിച്ചു. അന്നുണ്ടായിരുന്ന ബാധ്യത അല്ല ഇന്ന്. ഇന്ന് പാവപ്പെട്ടവന്റെ തലയില്‍ കെട്ടിവച്ചിരിക്കുന്നത് ധൂര്‍ത്തടിക്കാന്‍ മാത്രം 4,000 കോടി രൂപയാണെന്ന് ഓര്‍ക്കണം.
ഹര്‍ത്താലേ വേണ്ടെന്ന് വച്ചുളളൂ. മറ്റ് സമരങ്ങളൊന്നും വേണ്ടായെന്ന് വച്ചിട്ടില്ല. സമരമാര്‍ഗത്തില്‍ പോകണ്ടിവന്നാല്‍ പോകും. പാര്‍ട്ടിതലത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കും അതിന് തര്‍ക്കമില്ല. ഈ അധിക നികുതി പിണറായി വിജയന്റെ സര്‍ക്കാരിനു കൊടുക്കണമെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ആര്‍ക്കാണ് ആഗ്രഹമുളളത്. ഏത് പാര്‍ട്ടിക്കാണ് ആഗ്രഹമുളളത് എല്ലാ പാര്‍ട്ടിയും എതിരല്ലേ. ആ എതിരിന്റെ വികാരം ഞാന്‍ പ്രകടിപ്പിച്ചുവെന്നു മാത്രം.
പ്രതിപക്ഷ നേതാവ് ജനങ്ങള്‍ക്ക് നികുതി അടയ്ക്കാതിരിക്കാനാകില്ല എന്നു പറയുന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. മറ്റ് സമരങ്ങളൊന്നും വേണ്ടായെന്ന് വച്ചിട്ടില്ല. സമരത്തിന് ഒരുപാട് മുഖങ്ങളുണ്ട്. അതില്‍ ഓരോ സമരമുഖങ്ങളായി തുറക്കും. ഇന്ത്യയില്‍ സ്വാതന്ത്ര്യസമരകാലഘട്ടം മുതല്‍ നികുതിലംഘനസമരം നടന്നിട്ടുളള രാജ്യമാണെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു.
എന്നാല്‍, സുധാകരന്റേത് മുഖ്യമന്ത്രിയെ കളിയാക്കിയുള്ള തമാശയാണ്. നികുതിയടയ്ക്കാതിരിക്കുന്നത് അപ്രായോഗികമാണെന്നും സതീശന്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയെ കളിയാക്കിയുള്ള തമാശയാണ് അതെന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ നികുതി കൊടുക്കേണ്ട എന്ന അര്‍ഥത്തിലല്ല സുധാകരന്റെ പ്രസ്താവനയെന്നും സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Read more
‘പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്നപ്പോള്‍ നികുതിയടയ്ക്കണ്ട എന്നു പറഞ്ഞിരുന്നു. അതിനെ അദ്ദേഹം കളിയാക്കുകയാണുണ്ടായത്. നികുതി ബഹിഷ്‌കരിക്കുന്നത് അപ്രായോഗികമാണ്, അത് കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. അത് അദ്ദേഹം തന്നെ വ്യക്തമാക്കിയതുമാണെന്നാണ് സതീശന്‍ പറഞ്ഞത്.