ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്ക്കണം. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.
വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലന്ന് എന്‍ ജി ടി ചോദിച്ചിട്ടുണ്ട്. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് ചീഫ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരവീഴ്ച്ചകളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.
രണ്ട് വേയ് ബ്രിഡ്ജുകളില്‍ ഒന്ന് മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു. ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകളും അടഞ്ഞ നിലയില്‍ കണ്ടെത്തി. വിന്റോ കമ്പോസ്റ്റിങ് ഷെഡും വളരെ ജീര്‍ണാവസ്ഥയിലായിരുന്നു. ബയോ മൈനിംഗില്‍ നിന്ന് ശേഖരിച്ച ഒരു ഭാഗം പൊതിഞ്ഞ് മാലിന്യം മുതല്‍ ഊര്‍ജ പ്ലാന്റ് വരെയുള്ള മേഖലയില്‍ കൂട്ടിയിടുകയായിരുന്നു. ആര്‍ഡിഎഫിന്റെ മറ്റൊരു ഭാഗം വിന്റോ കമ്പോസ്റ്റിംഗ് പ്ലാന്റിന് സമീപം കൂട്ടിയിട്ടതായും കണ്ടെത്തി.
Read more
ഖരമാലിന്യത്തിന്റെ 100 ശതമാനം വേര്‍തിരിവ് ഉറവിടത്തില്‍ തന്നെ ഉറപ്പാക്കുന്ന നടപടി അനിവാര്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ 22 ഹെല്‍ത്ത് സര്‍ക്കിള്‍ തലത്തിലും എംസിഎഫുകള്‍ സ്ഥാപിക്കണം. അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് കേരളത്തില്‍ നിന്നുള്ള കമ്പനിക്ക് കൈമാറണം. അതുപോലെ സൈറ്റില്‍ നല്‍കിയിട്ടുള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും നിര്‍ദ്ദേസമുണ്ട്.