ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണയ്ക്കാനുള്ള ശ്രമം അഞ്ചാം ദിവസത്തിലേക്ക്. ആളിക്കത്തുന്ന തീ കഴിഞ്ഞ ദിവസം അണച്ചെങ്കിലും പുക ഇപ്പോഴും ഉയരുകയാണ്. കൊച്ചി നഗരത്തില്‍ പുക കുറഞ്ഞെങ്കിലും കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂര്‍, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക പടരുകയാണ്.
തീ പൂര്‍ണമായും അണയ്ക്കുന്നതിന് മുമ്പ് പ്ലാന്റിലേക്ക് മാലിന്യം കൊണ്ടു വരാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തും. അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്ത് ഇന്ന് ജനകീയ സമിതിയുടെ സമരവും നടക്കുന്നുണ്ട്.
ബ്രഹ്‌മപുരത്തെ തീ പൂര്‍ണമായും അണയാത്ത സാഹചര്യത്തില്‍ കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച മട്ടാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. അടുക്കള മാലിന്യവും റോഡിലേക്ക് എത്തുന്നുണ്ട്.
അതേസമയം, കനത്ത പുകയുടെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍, മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര മുനിസിപ്പാലിറ്റികള്‍, ബ്രഹ്‌മപുരത്തിന് സമീപപ്രദേശങ്ങളിലെ പഞ്ചായത്തുകളിലും ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.